ന്യൂഡൽഹി: തേൻ, കരിക്കിൻ വെള്ളം എന്നിവയിലെ 100 % സംശുദ്ധം, സന്പൂർണ പ്രകൃതിദത്തം, ഓർഗാനിക് എന്ന് അവകാശപ്പെടുന്ന പരസ്യങ്ങളും അവകാശവാദങ്ങളും അടങ്ങിയ ചില ഭക്ഷ്യ ഉത്പന്നങ്ങളുടെ വില്പന നിർത്തലാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നൽകിയ ഉത്തരവിൽ ഡാബർ ഇന്ത്യ വിശദീകരണം നൽകി. ഈ വിഷയത്തിൽ നിയമോപദേശം തേടുന്നതോടൊപ്പം തന്നെ, തങ്ങളുടെ ഉത്പന്ന ലേബലുകൾ മാറ്റുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും കന്പനി വ്യക്തമാക്കി.
100 % എന്ന അവകാശവാദങ്ങളുള്ള ചില ഉത്പന്നങ്ങളുടെ വിൽപ്പന നിർത്താൻ ഡാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകൃതിദത്തമായ തേൻ, പശുവിൻ നെയ്യ്, ശുദ്ധമായ ഇളനീര്, ഓർഗാനിക് ആപ്പിൾ വിനാഗിരി, തേങ്ങാപ്പാൽ തുടങ്ങിയവ ഉൾപ്പെടുന്നു.
ഉത്പന്ന ലേബലുകളിലെ പ്രഖ്യാപനങ്ങൾ നിലവിലുള്ള നിയമപരവും നിയന്ത്രണപരവുമായ വ്യവസ്ഥകൾക്ക് അനുസൃതമാണെന്നും ദീർഘകാലമായി തുടരുന്ന വ്യവസായ രീതികൾക്ക് അനുയോജ്യമാണെന്നും ഡാബർ ഇന്ത്യ ലിമിറ്റഡ് വിശ്വസിക്കുന്നു. ഡാബർ തങ്ങളുടെ ഉത്പന്നങ്ങളുടെ ശുദ്ധതയിലും ഗുണനിലവാരത്തിലും ഉറച്ചുനിൽക്കുന്നു, കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന യാതൊരു അവകാശവാദങ്ങളും ഉന്നയിച്ചിട്ടില്ലെന്ന് കന്പനി വ്യക്തമാക്കി.
എന്നിരുന്നാലും, ഒരു ‘നല്ല’ കോർപറേറ്റ് പൗരൻ എന്ന നിലയിൽ, എഫ്എസ്എസ്എഐയുടെ കത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, ’100 %’ എന്ന അവകാശവാദം ഇല്ലാത്ത പുതിയ ലേബലുകളിലേക്കും പരസ്യങ്ങളിലേക്കും ഉത്പന്ന ലേബലുകൾ മാറ്റുന്ന നടപടി ഡാബർ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും കന്പനി വ്യക്തമാക്കി.